എഡിഎം കെ നവീന് ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് എകെജി സെന്ററില് വ്യാജ രേഖ ചമച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിമര്ശിച്ചു. കളക്ടറെക്കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ച് വീണ്ടുമൊരു പുകമറ സൃഷ്ടിച്ചതായും അദ്ദേഹം ആരോപിച്ചു. പി.പി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തിയതെന്നും എഡിഎമ്മിന്റെ കുടുംബത്തെ കബളിപ്പിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമാണ് സിപിഐഎം ചെയ്തതെന്നും സതീശന് കുറ്റപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പ് കാരണമാണ് ദിവ്യയ്ക്കെതിരെ പാര്ട്ടി നടപടിയുണ്ടായതെന്നും അല്ലായിരുന്നെങ്കില് ഒരു നടപടിയും ഉണ്ടാകില്ലായിരുന്നെന്നും വി ഡി സതീശന് പറഞ്ഞു. ജനങ്ങള്ക്കിടയില് ഈ വിഷയത്തില് അതിശക്തമായ വികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്ഡില് കഴിഞ്ഞിരുന്ന പിപി ദിവ്യയ്ക്ക് 11 ദിവസത്തിന് ശേഷം തലശ്ശേരി പ്രിന്സിപ്പല് സെഷന്സ് കോടതി ജാമ്യം അനുവദിച്ചു.
അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലാണെന്നും വാദിച്ച പ്രതിഭാഗം, യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില് സമ്മതിച്ചിരുന്നു.
Story Highlights: VD Satheesan criticizes CPIM for fabricating documents against ADM K Naveen Babu and protecting PP Divya