ബേപ്പൂരിന്റെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന് അനുയോജ്യമായ സ്മാരകം നിർമ്മിക്കുക എന്ന ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു. \”ആകാശ മിഠായി\” എന്ന പേരിൽ ഉയരുന്ന പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിലെത്തി. ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7.37 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയിരുന്നു. ബേപ്പൂരിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്മാരകം നിർമ്മിക്കുന്നത്.
ഒന്നാം ഘട്ട പ്രവർത്തിയുടെ ഭാഗമായി 11000 സ്ക്വയർഫീറ്റ് കെട്ടിടത്തിന്റെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ കെട്ടിടത്തിൽ ലിറ്റററി കഫെ, കോൺഫറൻസ് ഹാൾ, ടോയ്ലറ്റ്, ലിഫ്റ്റ് എന്നിവയും സമീപത്തായി ഓപ്പൺ സ്റ്റേജും ഉൾപ്പെടുന്നു. പദ്ധതിയുടെ 96 ശതമാനം പ്രവർത്തികൾ പൂർത്തിയായി. ലാൻഡ്സ്കേപ്പിംഗ്, ലൈറ്റിംഗ്, ഫർണിച്ചർ, എസി, കോമ്പൗണ്ട് വാൾ, ആർട്ട് & ക്യൂരിയോ വർക്കുകൾ എന്നിവയ്ക്കായി 10.43 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
രണ്ടാംഘട്ട നിർമ്മാണ പ്രവർത്തികൾക്കായി കോഴിക്കോട് കോർപ്പറേഷൻ 17 സെന്റ് സ്വകാര്യ ഭൂമി വാങ്ങി ടൂറിസം വകുപ്പിന് കൈമാറേണ്ടതുണ്ട്. ഇവിടെ ബഷീർ ആർകൈവ്സ്, കിനാത്തറ, ബോർഡ് റൂം, ലൈബ്രറി എന്നിവ അടങ്ങുന്ന സാംസ്കാരിക കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ കെട്ടിടത്തിന്റെ പിൻഭാഗത്തായി \”അക്ഷരത്തോട്ടം\” എന്ന ആശയവും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. മലബാർ ലിറ്റററി സർക്യൂട്ടിന്റെ ഭാഗമായി ബഷീറിന്റെ ഓർമ്മകളെ ഉണർത്തുന്ന സൈനേജും സ്ഥാപിക്കും.
Story Highlights: Vaikom Muhammad Basheer memorial construction in final stage in Beypore, Kozhikode