തൃശ്ശൂര് മേയര് എം കെ വര്ഗീസിനെതിരെ വി എസ് സുനില്കുമാര് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. തൃശ്ശൂര് പാര്ലമെന്റ് തെരഞ്ഞെടുപ്പില് മേയര് ബിജെപി സ്ഥാനാര്ഥിക്ക് വേണ്ടി വോട്ടു പിടിച്ചുവെന്നും തനിക്കുവേണ്ടി പ്രവര്ത്തിച്ചില്ലെന്നും സുനില്കുമാര് ആരോപിച്ചു.
എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന തനിക്ക് ഇക്കാര്യം ഉറപ്പിച്ചു പറയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മേയറുടെ കാര്യത്തില് സിപിഐ ജില്ലാ കൗണ്സില് ഒരു തീരുമാനമെടുത്തതായും അത് സംസ്ഥാന കൗണ്സിലിനെ അറിയിച്ചതായും സുനില്കുമാര് മാധ്യമങ്ങളോട് പറഞ്ഞു.
എം കെ വര്ഗീസിനെ മേയര് സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടില് സിപിഐ ഉറച്ചുനില്ക്കുന്നു. ഇതോടെ മേയറുടെ ഭൂരിപക്ഷം നഷ്ടമായെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് ആവശ്യപ്പെട്ടു.
മേയര്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. സിപിഐയുടെ നിലപാടില് മാറ്റമില്ലാത്ത സാഹചര്യത്തില് തൃശ്ശൂര് കോര്പ്പറേഷനില് കടുത്ത ഭരണ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഈ സാഹചര്യത്തില് മേയറുടെ ഭാവി അനിശ്ചിതത്വത്തിലാണ്.