വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്രത്തിന്റെ അധിക ധനസഹായത്തിന്റെ പേരിൽ ‘ഇൻഡി സഖ്യം’ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. അധികധനസഹായം നല്കില്ല എന്ന് കേന്ദ്രസര്ക്കാര് പറഞ്ഞിട്ടില്ലെന്നും വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്ത്താല് നാടകമാണ് വയനാട്ടില് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുണ്ടക്കെ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രത്തിന് ദുരന്താനന്തര വിലയിരുത്തൽ (PDNA) റിപ്പോർട്ട് നൽകിയോ എന്ന് സിപിഎം പറയണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. റവന്യൂമന്ത്രി ഇക്കാര്യം മിണ്ടുന്നില്ലെന്നും മേപ്പാടിയിലെ ജനങ്ങള്ക്ക് പുഴുവരിച്ച അരികൊടുത്ത കോണ്ഗ്രസിന് ഇത് ചോദിക്കാന് ധൈര്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. വീട് നഷ്ടപ്പെട്ട ആളുകള്ക്ക് വീട് പണിത് നല്കാന് സന്നദ്ധരായി ആയിരത്തോളം പേര് തയാറായി വന്നിട്ടുണ്ടെന്നും എന്നാൽ നാല് മാസം കഴിഞ്ഞിട്ടും ഒരു തുണ്ട് ഭൂമി പോലും സംസ്ഥാന സര്ക്കാര് നല്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹായം ലഭിച്ചെന്ന് പറയുന്ന സംസ്ഥാനങ്ങൾക്ക് അവര് സമര്പ്പിച്ച PDNA റിപ്പോര്ട്ടുകൂടി കണക്കിലെടുത്താണ് തുക ലഭിക്കുന്നതെന്ന് മുരളീധരൻ വ്യക്തമാക്കി. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാൻ കേരള സർക്കാർ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൂരൽമല – മുണ്ടക്കൈയെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ട ഉന്നതാധികാര സമിതി യോഗം കൂടി തുടർനടപടികളുണ്ടാകുമെന്ന് തന്നെയാണ് കേന്ദ്രസർക്കാർ അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരായ മനുഷ്യരെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്ന സിപിഎം– കോണ്ഗ്രസ് ഗൂഢാലോചന ജനങ്ങള് മനസിലാക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
Story Highlights: V Muraleedharan accuses INDIA alliance of false propaganda over additional central aid for Wayanad disaster victims