നിയമസഭയുടെ ആദ്യദിനം തന്നെ പിണറായി-സതീശൻ അന്തർധാര പ്രകടമായെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു. വയനാട് ദുരന്തത്തിലെ യഥാർത്ഥ നാശനഷ്ടക്കണക്കുകൾ മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ സഭയിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന് ശരിയായ കണക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നില്ലെന്നും വീഴ്ചകൾ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറിയെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് വെച്ച് കുറ്റപ്പെടുത്തി.
വയനാട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും കണക്കുകൾ സമർപ്പിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകുകയും ചെയ്തു. എന്നാൽ, ഒരു ശവസംസ്കാരത്തിന് 75,000 രൂപ എന്നതുപോലുള്ള കള്ളക്കണക്കല്ലാതെ മറ്റൊന്നും കേരള സർക്കാർ നൽകിയിട്ടില്ലെന്നും അതിലെ യാഥാർത്ഥ്യം പ്രതിപക്ഷം ചോദ്യം ചെയ്യുന്നില്ലെന്നും വി.മുരളീധരൻ ആരോപിച്ചു.
ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 5 വർഷത്തിനിടെ 1471 കോടി രൂപ കേരളത്തിന് അനുവദിച്ചതായും ഈ വർഷത്തെ ആദ്യ ഗഡുവായ 146 കോടി രൂപ കഴിഞ്ഞ ദിവസം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ഈ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന തുകയുടെ മാനദണ്ഡം ഉണ്ടാക്കിയത് യുപിഎ സർക്കാരാണെന്ന കാര്യം വി.ഡി.സതീശൻ മറക്കരുതെന്നും വി.മുരളീധരൻ ഓർമിപ്പിച്ചു.
Story Highlights: V Muraleedharan criticizes Pinarayi Vijayan and V D Satheeshan for alleged collusion in Kerala Assembly