അമേരിക്കയിലെ സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടലിന് വിരാമമാകുന്നു. സെനറ്റ് ഒത്തുതീർപ്പായതിനെ തുടർന്ന് 40 ദിവസത്തിനു ശേഷം ഷട്ട് ഡൗൺ അവസാനിക്കാൻ സാധ്യതയുണ്ട്. ജീവനക്കാരുടെ പിരിച്ചുവിടൽ താൽക്കാലികമായി നിർത്തിവയ്ക്കും.
ജനുവരി 31 വരെ ധനാനുമതി ബിൽ അംഗീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ഈ ബില്ലിന് എട്ട് ഡെമോക്രാറ്റ് അംഗങ്ങൾ പിന്തുണ നൽകി. ഷട്ട് ഡൗൺ ഉടൻ തന്നെ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു. ഇത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട് ഡൗൺ ആയിരുന്നു.
അടച്ചുപൂട്ടൽ ആറാമത്തെ ആഴ്ചയിലേക്ക് കടന്നതോടെ സാമ്പത്തികവും രാഷ്ട്രീയപരവുമായ സമ്മർദ്ദങ്ങൾ ശക്തമായതിനെ തുടർന്നാണ് ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ തീരുമാനമായത്. ഡെമോക്രാറ്റുകൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെ ജനുവരി 31 വരെ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കുള്ള പണം നൽകുന്ന ബില്ലാണ് സെനറ്റ് പാസാക്കിയത്. ആരോഗ്യ ഇൻഷുറൻസ് സബ്സിഡികൾ നിലനിർത്തണമെന്ന ആവശ്യം ഡെമോക്രാറ്റുകൾ സെനറ്റിൽ ആവർത്തിച്ചു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട് ഡൗൺ ജനങ്ങൾക്ക് ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. മതിയായ ജീവനക്കാരില്ലാത്തതിനാൽ സേവനങ്ങൾക്ക് കാലതാമസമുണ്ടായി. പേയ്മെന്റുകൾ വൈകിയത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്ത്തി.
ഞായറാഴ്ച മാത്രം 2100 വിമാന സർവീസുകളാണ് റദ്ദാക്കിയത്. കൂടാതെ എസ്എൻഎപി പോലുള്ള ഭക്ഷ്യ പദ്ധതികൾ തടസ്സപ്പെട്ടു. ഏകദേശം 900,000 ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടെന്നും 20 ദശലക്ഷം പേർക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജനപ്രതിനിധി സഭയുടെ അംഗീകാരം ലഭിക്കുകയും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബില്ലിൽ ഒപ്പുവയ്ക്കുകയും ചെയ്യുന്നതോടെ ഷട്ട് ഡൗൺ പൂർണ്ണമായി അവസാനിക്കും. ഏകദേശം ഒരാഴ്ചയോളം ഇതിന് സമയം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽത്തന്നെ അമേരിക്ക വലിയൊരു സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു എന്ന് വേണം കരുതാൻ.
Story Highlights: 40 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷം അമേരിക്കയിൽ സർക്കാർ സേവനങ്ങൾക്ക് വീണ്ടും തുടക്കം കുറിക്കുന്നു.



















