കാനഡയിൽ നിന്നുള്ള ലോഹ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിയിൽ നിന്ന് അമേരിക്ക പിൻവാങ്ങി. വൈദ്യുതി ചാർജ് 25 ശതമാനം വർധിപ്പിക്കാനുള്ള കാനഡയുടെ നീക്കത്തിന് പിന്നാലെയാണ് ഈ നയമാറ്റം. ട്രംപിന്റെ തീരുമാനം അമേരിക്കൻ ഓഹരി വിപണിയെ കഴിഞ്ഞ ദിവസം പ്രതികൂലമായി ബാധിച്ചിരുന്നു. കാനഡയിൽ നിന്നുള്ള അലൂമിനിയം, സ്റ്റീൽ തുടങ്ങിയ ലോഹങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഈ സാഹചര്യത്തിൽ, നിലവിലുള്ള 25 ശതമാനം തീരുവ തന്നെ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. കാനഡയ്ക്കും മറ്റ് വ്യാപാര പങ്കാളികൾക്കും സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് ബുധനാഴ്ച മുതൽ 25 ശതമാനം തീരുവ തന്നെ ഏർപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി അറിയിച്ചു. ഈ തീരുമാനത്തിൽ യാതൊരു വിട്ടുവീഴ്ചകളും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ ഭീഷണിക്ക് മറുപടിയായിട്ടാണ് കാനഡ വൈദ്യുതി സർചാർജ് 25 ശതമാനം വർധിപ്പിച്ചത്. പ്രദേശത്ത് വൈദ്യുതി അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനം വലിയ ചർച്ചയായിരുന്നു. ഏപ്രിൽ 2 മുതൽ കാനഡയിൽ നിർമ്മിച്ച കാറുകൾക്കും കാറിന്റെ ഭാഗങ്ങൾക്കും ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
Story Highlights: The US has withdrawn its threat to impose a 50% tariff on Canadian metal imports, following Canada’s move to increase electricity charges by 25%.