ഉത്തര്പ്രദേശില് സബര്മതി എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തില് അട്ടിമറി സംശയിക്കുന്നതായി റെയില്വേ അറിയിച്ചു. ശനിയാഴ്ച പുലര്ച്ചെ 2.30ന് കാണ്പൂരിനും ഭീംസെന് സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. ട്രെയിനിന്റെ 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോര്ട്ട്. സംഭവത്തില് അന്വേഷണം നടക്കുകയാണെന്ന് റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
സബര്മതി എക്സ്പ്രസിന്റെ എന്ജിന് ട്രാക്കില് സ്ഥാപിച്ചിരുന്ന വസ്തുവില് ഇടിച്ചതായി മന്ത്രി വ്യക്തമാക്കി. ട്രെയിനിന്റെ മുന്ഭാഗം പാറകളില് തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. ഇതുവരെ ആര്ക്കും പരിക്കേറ്റതായി റിപ്പോര്ട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടര്ന്ന് ഏഴ് ട്രെയിനുകള് റദ്ദാക്കുകയും മൂന്നെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തതായി റെയില്വേ അറിയിച്ചു.
യാത്രക്കാരെ സഹായിക്കാനായി കാണ്പൂരില് നിന്ന് എട്ട് കോച്ചുകളുള്ള മെമു ട്രെയിന് അപകടസ്ഥലത്തേക്ക് പുറപ്പെട്ടതായി നോര്ത്ത് സെന്ട്രല് റെയില്വേ സോണ് ചീഫ് പബ്ലിക് റിലേഷന് ഓഫീസര് ശശികാന്ത് ത്രിപാഠി പറഞ്ഞു. കൂടാതെ, ബസുകളും സ്ഥലത്തെത്തി യാത്രക്കാരെ കാണ്പൂരിലേക്ക് കൊണ്ടുപോയി. ഐ ബിയും യുപി പോലീസും സംഭവത്തില് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Sabarmati Express derails in Uttar Pradesh, sabotage suspected