ഉത്തര്പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (യുപിപിഎസ്സി) പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോരുന്നത് തടയാൻ സർക്കാർ പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. മൾട്ടി-ലേയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ബോക്സുകളിൽ ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന ഈ സംവിധാനം എല്ലാ റിക്രൂട്ട്മെൻ്റ് പരീക്ഷകൾക്കും ബാധകമാകും.
എല്ലാ റിക്രൂട്ട്മെൻ്റ് ബോർഡിലും സെലക്ഷൻ കമ്മീഷനിലും ഒരു കൺട്രോൾ റൂം സ്ഥാപിക്കും. ഇവിടെ നിന്ന് എല്ലാ പരീക്ഷകളും നിരീക്ഷിക്കാനാകും. ഡിജിറ്റൽ ലോക്ക് കോഡ് ഒരു ഉദ്യോഗസ്ഥൻ്റെ പക്കലുണ്ടാകും, പരീക്ഷയ്ക്ക് 30 മിനിറ്റ് മുമ്പ് മാത്രമേ അത് വെളിപ്പെടുത്തൂ. ബോക്സുകൾക്ക് ഇരുവശത്തും ലോക്കുകളുണ്ട്. കഴിഞ്ഞ വർഷവും രണ്ട് പരീക്ഷകൾക്ക് യുപിപിഎസ്സി സമാനമായ രീതിയാണ് ഉപയോഗിച്ചത്.
ചോദ്യപേപ്പറുകൾ പ്രിൻ്റിംഗ് പ്രസിൽ നിന്ന് എടുത്ത ശേഷം മൾട്ടി ലെയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ഇരുമ്പ് ബോക്സുകളിൽ സൂക്ഷിക്കും. ട്രഷറിയിൽ നിന്ന് പേപ്പറുകൾ എടുക്കുന്നത് മുതൽ പരീക്ഷാ കേന്ദ്രത്തിലെ പേപ്പർ ബണ്ടിൽ തുറക്കുന്നത് വരെയുള്ള മുഴുവൻ നടപടികളും സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കും. ഈ റെക്കോർഡിംഗുകള് ഒരു വർഷത്തേക്ക് സേവ് ചെയ്യും. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.