ഉത്തർ പ്രദേശിലെ പ്രമുഖ കോൺഗ്രസ് നേതാവ് വെട്ടിലായിരിക്കുകയാണ്. ബാഗ്പാട്ട് ജില്ലാ പ്രസിഡന്റായ യൂനുസ് ചൗധരിയുടെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് ഈ സ്ഥിതി സംജാതമായത്. യുവതിയോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ പാർട്ടി തല നടപടി സ്വീകരിച്ചിരിക്കുകയാണ്.
എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് യൂനുസ് ചൗധരി പ്രതികരിച്ചു. തന്റെ പ്രതിച്ഛായ തകർക്കാൻ പ്രതിപക്ഷം നിർമ്മിച്ച വീഡിയോയാണിതെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാഗ്പത് പോലീസ് സൂപ്രണ്ട് അർപിത് വിജയവർഗിയ വ്യക്തമാക്കി. പരാതി ലഭിച്ചാൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ പ്രചരിച്ചതോടെ മറ്റ് പാർട്ടികൾ ഇത് ആയുധമാക്കിയതിനെ തുടർന്ന് യൂനുസിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയതായി കോൺഗ്രസ് സംസ്ഥാന വക്താവ് അഭിമന്യു ത്യാഗി ചൗധരി അറിയിച്ചു. വെള്ളിയാഴ്ച പ്രത്യക്ഷപ്പെട്ട വീഡിയോ പാർട്ടി നേതൃത്വത്തെ അടിയന്തര നടപടിയെടുക്കാൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂനുസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോയെന്ന ചോദ്യത്തിന്, നേതൃത്വം ഉടൻ തീരുമാനമെടുക്കുമെന്ന് ത്യാഗി പ്രതികരിച്ചു.
Story Highlights: UP Congress leader Yunus Chaudhary faces party action over viral video showing alleged misconduct with woman