കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിൽ യുവാക്കൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സർക്കാർ ശമ്പളം നൽകുമെന്നും നാല് കോടി യുവാക്കൾക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി അഞ്ചുവർഷത്തേക്ക് 2 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും അവർ വ്യക്തമാക്കി.
രാജ്യത്തെ 500 പ്രമുഖ സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇൻറേൺഷിപ്പിന് അവസരം ഒരുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇൻറേൺഷിപ്പ് തുകയായി 5000 രൂപ സ്റ്റൈപ്പന്റും 6000 രൂപ ഒറ്റത്തവണ സഹായവും നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്നും ബജറ്റിൽ നിർദ്ദേശിച്ചു.
സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതിയായ പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. നിലവിലെ 10 ലക്ഷം രൂപ പരിധി 20 ലക്ഷമായി ഉയർത്തി. സമ്മർദ്ദ സമയത്ത് എംഎസ്എംഇകൾക്ക് പ്രത്യേക സഹായവും വായ്പകളും ലഭ്യമാക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.