ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) ആശംസകൾ നേർന്നു. വിജയ് തന്റെ സുഹൃത്താണെന്നും പുതിയ പാർട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർക്കും പാർട്ടിയുണ്ടാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പല പാർട്ടികളും വന്നുപോകുന്നുണ്ടെന്നും, ഏത് പാർട്ടിയെ പിന്തുണയ്ക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു.
വിഴുപ്പുറത്തെ വിക്രവണ്ടിയിൽ 85 ഏക്കർ മൈതാനത്താണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ അധ്യക്ഷൻ വിജയ് പാർട്ടിയുടെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. പെരിയാറിന്റെയും അംബേദ്കറിന്റെയും ഉൾപ്പടെയുള്ള കട്ടൗട്ടുകൾ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയിൽ സ്റ്റേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത് തമിഴ്നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്.
എന്നാൽ, സമ്മേളനത്തിന് എത്തിയവരുടെ വാഹനം അപകടത്തിൽപ്പെട്ടു രണ്ട് പേർ മരിച്ചു. ഉളുന്തൂർപെട്ടിൽ വച്ച് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിക്കുകയായിരുന്നു. കൂടാതെ സമ്മേളനത്തിനെത്തിയ ഒരാൾ നിർജലീകരണത്തെ തുടർന്ന് കുഴഞ്ഞുവീണു. ആരാധകരുടെ വൻ പ്രവാഹം സമ്മേളന വേദിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മദ്യപിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു.
Story Highlights: Tamil Nadu Deputy CM Udhayanidhi Stalin extends wishes to actor Vijay’s newly formed political party TVK