യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ വർഷം 29,000 ലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. 6,88,000 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. തൊഴിൽ, ആരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 12,509 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് നടത്തിയ 20 സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുത്തു. തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കൽ, ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് നടത്തൽ, ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ കമ്പനികൾ അടച്ചുപൂട്ടൽ എന്നിവയും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. വേതന സംരക്ഷണ സംവിധാനം പാലിക്കാത്തതും തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നതും നിയമലംഘനമായി കണക്കാക്കും.
സ്വകാര്യ സ്ഥാപനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നവീന സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധനകൾ ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി അറിയിച്ചും അറിയിക്കാതെയുമുള്ള മിന്നൽ പരിശോധനകൾ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ വിപണിയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 32.16% വർധനവുണ്ടായി.
പുതിയ കമ്പനികളിൽ 17.02% വർധനവും തൊഴിലാളികളിൽ 12.04% വർധനവും രേഖപ്പെടുത്തി. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസും തൊഴിൽ നഷ്ട ഇൻഷുറൻസും ഏർപ്പെടുത്തിയതിന്റെയും ഫലമായാണ് ഈ വർധന. 2024ലെ ആഗോള തൊഴിൽ സൂചികയിൽ അറബ് ലോകത്ത് യുഎഇ ഒന്നാമതെത്തിയത് ഈ പശ്ചാത്തലത്തിലാണ്.
Story Highlights: UAE’s Ministry of Human Resources and Emiratisation takes strict action against 29,000 private sector labor violations in 2023.