യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് വിവിധ എമിറേറ്റുകളിൽ പ്രഖ്യാപിച്ച ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിലെ 50% ഇളവ് വിനിയോഗിക്കാൻ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. അൻപത്തിമൂന്നാം യു.എ.ഇ ദേശീയദിനത്തിന്റെ ഭാഗമായി അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് 50% ഇളവ് ലഭിക്കുക. കൂടാതെ, പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കലും ചുമത്തിയ ബ്ലാക്ക് പോയിന്റ് നീക്കുന്നതും ഈ ഇളവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പിഴയിൽ ലഭിച്ച കിഴിവ് പ്രയോജനപ്പെടുത്താൻ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഉപയോക്തൃ സന്തോഷ കേന്ദ്രങ്ങളിലോ പൊലീസ് സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ചോ ഇളവുള്ള പിഴകൾ അടയ്ക്കാൻ സാധിക്കും. എന്നാൽ, സമയപരിധി അവസാനിച്ചാൽ പിഴയുടെ മുഴുവൻ തുകയും അടയ്ക്കേണ്ടിവരുമെന്ന് പൊലീസ് നിയമലംഘകരെ ഓർമിപ്പിച്ചു. ഓരോ എമിറേറ്റിലും വ്യത്യസ്ത സമയപരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അജ്മാനിൽ ഒക്ടോബർ 31ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് ഇളവുള്ളത്. ഈ മാസം 15 വരെ കിഴിവോടെ പിഴയൊടുക്കാം. ഉമ്മുൽഖുവൈനിൽ ഈ മാസം 1ന് മുൻപുള്ള പിഴകൾ പകുതിയായി അടക്കാനുള്ള അവസരം 2025 ജനുവരി 5 വരെയാണ്. ഫുജൈറയിൽ ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് 50% ഇളവ്, പിഴയൊടുക്കാനുള്ള അവസാന തീയതി 2025 ജനുവരി 23 വരെയായിരിക്കും. റാസൽഖൈമയിൽ ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് 50% ഇളവ് പ്രഖ്യാപിച്ചത്, ഈ മാസം 31 വരെ ഇളവോടെ പിഴയടക്കാം. ഈ അവസരം പ്രയോജനപ്പെടുത്തി നിയമലംഘകർ പിഴ അടച്ച് നിയമവിധേയരാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Story Highlights: UAE announces 50% discount on traffic fines in various emirates as part of National Day celebrations