യുഎഇയിൽ ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ രണ്ട്, മൂന്ന് തിയതികളിലാണ് ദേശീയദിന അവധിയെങ്കിലും വാരാന്ത്യ അവധിദിനങ്ങളായ ശനിയും ഞായറും ചേരുമ്പോൾ നാല് ദിവസം ലഭിക്കും. സർക്കാർ, സ്വകാര്യമേഖലകൾക്ക് ഈ അവധി ബാധകമാണെന്ന് മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭാ തീരുമാനപ്രകാരമാണ് പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധി സ്വകാര്യ മേഖലയ്ക്കും ബാധകമാക്കിയത്.
53-ാമത് ദേശീയ ദിനാഘോഷങ്ങൾ വർണാഭമാക്കാനുള്ള ഒരുക്കങ്ങൾ യുഎഇയിൽ പുരോഗമിക്കുകയാണ്. ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാകും ദേശീയ ദിനാഘോഷങ്ങൾ നടക്കുക. അൽ ഐനിലായിരിക്കും ഈദ് അൽ ഇത്തിഹാദിന്റെ പ്രധാന വേദി. രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അൽ ഇത്തിഹാദ് സോണുകൾ ഉണ്ടാകും.
ദുബായ്, ഷാർജ ഉൾപ്പെടെ രാജ്യത്തെ എമിറേറ്റുകളിൽ ആഘോഷ പരിപാടികളും വെടിക്കെട്ടുൾപ്പെടെയും അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയദിനം. ദേശീയദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഈ വർഷത്തെ ആഘോഷങ്ങൾ രാജ്യത്തിന്റെ ഐക്യവും പുരോഗതിയും പ്രതിഫലിപ്പിക്കുന്നതായിരിക്കും.
Story Highlights: UAE announces two-day public holiday for National Day, with celebrations planned across all seven emirates