യു എ ഇ യിൽ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലയളവിൽ പുതുതായി വരുത്തിയ നിയമലംഘനങ്ങൾക്ക് ഇളവ് ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ശേഷമുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ഈടാക്കുമെന്നും, ഡിസംബർ 31ന് പൊതുമാപ്പ് അവസാനിച്ചാൽ നിയമലംഘകർക്കെതിരെയുള്ള നടപടി കർശനമാക്കുമെന്നും ഐസിപി അറിയിച്ചു. ജിസിസി രാജ്യങ്ങൾ നാടുകടത്താൻ വിധിച്ചവർക്കും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്കും ഈ ഇളവ് ബാധകമല്ല.
സെപ്റ്റംബർ ഒന്ന് മുതലാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. വീസ കാലാവധി കഴിഞ്ഞവർക്ക് താമസം നിയമാനുസൃതമാക്കാനും പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനുമുള്ള അവസരമാണ് ഇത് വഴി ഒരുക്കിയത്. രണ്ട് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് ഡിസംബർ 31 വരെ നീട്ടി. എന്നാൽ സെപ്റ്റംബർ ഒന്നിന് ശേഷം ഒളിച്ചോടുകയോ, ജോലി ഉപേക്ഷിച്ച് മുങ്ങുകയോ ചെയ്തവർക്ക് ഇളവ് ലഭിക്കില്ല. ഇത്തരക്കാർ തുടർനടപടികൾക്ക് വൈലേറ്റേഴ്സ് ആൻഡ് ഫോറിനേഴ്സ് എഫേഴ്സ് വകുപ്പിനെ സമീപിക്കണമെന്നും അധികൃതർ നിർദേശിച്ചു.
പൊതുമാപ്പ് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും, ഇത്തരമൊരു അവസരം ഇനി ലഭിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പിഴ കൂടാതെ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം പിന്നീട് യുഎഇയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കുകളൊന്നും ഇല്ലെന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകത. ഇതിനോടകം പതിനായിരങ്ങളാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ജോലി കണ്ടെത്താനുള്ള അവസരവും രാജ്യം ഒരുക്കി നൽകിയിരുന്നു. പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കുമെന്നും യുഎഇ വ്യക്തമാക്കി.
Story Highlights: UAE authorities clarify no leniency for visa violations after amnesty announcement