രണ്ട് വർഷത്തെ മരണശേഷം റഹീം അലിക്ക് ഇന്ത്യൻ പൗരത്വം; ദുഃഖകരമായ നിയമപോരാട്ടത്തിന്റെ കഥ

Anjana

നീണ്ട പന്ത്രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അസം സ്വദേശിയായ റഹീം അലിയുടെ ഇന്ത്യൻ പൗരത്വം സുപ്രീം കോടതി ശരിവെച്ചു. എന്നാൽ ദുഃഖകരമായ വസ്തുത എന്തെന്നാൽ, ഈ വിധി കേൾക്കാൻ റഹീം അലിക്ക് സാധിച്ചില്ല. രണ്ടര വർഷം മുൻപ് അദ്ദേഹം മരണമടഞ്ഞിരുന്നു. അസമിലെ നൽബരി ജില്ലയിലെ കാസിംപൂർ ഗ്രാമവാസിയായിരുന്ന അലി 2021 ഡിസംബർ 28 ന് 58-ാം വയസിലാണ് മരിച്ചത്.

2012-ൽ അസമിലെ ട്രൈബ്യൂണൽ റഹീം അലിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കിയിരുന്നു. അസുഖബാധിതനായതിനാൽ ട്രൈബ്യൂണലിൽ ഹാജരാകാൻ കഴിയാതിരുന്ന അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും കേസ് തള്ളപ്പെട്ടു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചു. 2017-ൽ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാൻ ട്രൈബ്യൂണലിന് നിർദേശം നൽകിയെങ്കിലും അദ്ദേഹത്തിന്റെ വാദം തള്ളി വിദേശിയെന്ന് മുദ്രകുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദരിദ്രനായ റഹീം അലിക്കുവേണ്ടി കോടതി നിയോഗിച്ച അഭിഭാഷകൻ അഡ്വ. കൗശിക് ചൗധരി സുപ്രീം കോടതി വരെ കേസുമായി മുന്നോട്ട് പോയി. എന്നാൽ റഹീമിന്റെ മരണശേഷം കുടുംബാംഗങ്ങൾ അഭിഭാഷകനുമായി ബന്ധപ്പെട്ടിരുന്നില്ല. വിദേശിയായി മുദ്രകുത്തിയതോടെ സർക്കാർ ആനുകൂല്യങ്ങൾ നഷ്ടമായി. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ കന്നുകാലികളെയും ഭൂമിയും വിൽക്കേണ്ടി വന്നു. കേസിനായി മാത്രം 2.5 ലക്ഷം രൂപ ചെലവഴിച്ചതായി കുടുംബം വ്യക്തമാക്കി.