ലോകം ഉറ്റുനോക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും കൂടിക്കാഴ്ചയിലേക്കാണ്. വ്യാപാര യുദ്ധത്തിൽ അയവുണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് വിവിധ രാജ്യങ്ങൾ. ദക്ഷിണ കൊറിയയിലെ ബുസാനിലാണ് കൂടിക്കാഴ്ച നടക്കുന്നത്.
കഴിഞ്ഞ ദിവസം ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള മഹത്തായ കരാറിൽ ഒപ്പുവെക്കുമെന്ന് പറഞ്ഞിരുന്നു. ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ വ്യാപാര കരാറിൽ ധാരണയാകുമെന്ന് സൂചന നൽകി. തന്ത്രപരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി അമേരിക്കയിൽ നിന്നും സോയാബീൻ വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ചൈന അമേരിക്കയിൽ നിന്നും സോയാബീൻ വാങ്ങാത്തതിൽ ട്രംപ് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ ആറു വർഷങ്ങൾക്കു മുമ്പാണ് ട്രംപും ഷി ജിൻ പിങ്ങും അവസാനമായി കൂടിക്കാഴ്ച നടത്തിയിരുന്നത്.
അപൂർവ ധാതുക്കളുടെ കൈമാറ്റത്തിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് നവംബർ ഒന്നു മുതൽ ചൈനയ്ക്ക് മേൽ നൂറു ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
Story Highlights : Donald Trump-Xi Jinping meeting
Story Highlights: The world is watching the meeting between US President Donald Trump and Chinese President Xi Jinping, hoping for a breakthrough in the trade war.



















