യുക്രൈനിലെ വെടിനിർത്തൽ ചർച്ചകളിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ നിലപാടിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചു. സെലൻസ്കിയുടെ വിശ്വാസ്യതയെ പുടിൻ ചോദ്യം ചെയ്തതാണ് ട്രംപിന്റെ അമർഷത്തിന് കാരണം. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
പുടിന്റെ നിലപാടിൽ തനിക്ക് ദേഷ്യമുണ്ടെന്ന് എൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. പുടിനുമായുള്ള നല്ല ബന്ധം അവസാനിക്കുന്നുവെന്നും അദ്ദേഹം സൂചന നൽകി. ഈ ആഴ്ച തന്നെ പുടിനുമായി സംസാരിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു.
തനിക്ക് അമർഷമുണ്ടെന്നും അതിനെന്താണ് കാരണമെന്നും പുടിന് നല്ല ബോധ്യമുണ്ടെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ശരിയായ തീരുമാനമെടുക്കാൻ പുടിൻ തയ്യാറായാൽ ഈ ദേഷ്യമൊക്കെ മാറി പുടിനുമായുള്ള നല്ല ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് റഷ്യയ്ക്കും പുടിനും കനത്ത താക്കീതാണ് ട്രംപ് നൽകിയിരിക്കുന്നത്. റഷ്യയ്ക്കോ തനിക്കോ യുക്രൈനിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അതിന് കാരണം റഷ്യയെന്ന് തോന്നിയാൽ റഷ്യൻ എണ്ണയ്ക്ക് രണ്ടാംഘട്ട തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
സെലൻസ്കി സ്വേച്ഛാധിപതിയാണെന്നും യുദ്ധം തീരാത്തതിന്റെ ഉത്തരവാദിത്തം സെലൻസ്കിക്കെന്നും പറഞ്ഞ ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് പുടിനെതിരെ അതൃപ്തി പ്രകടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Story Highlights: US President Donald Trump criticized Russian President Vladimir Putin’s stance on the Ukraine ceasefire talks and threatened secondary tariffs on Russian oil.