പഹൽഗാം ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് നിരോധിത സംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) വാദിച്ചു. ഈ മാസം 22ന് നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആദ്യം ഏറ്റെടുത്തത് ടിആർഎഫ് ആണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇന്ത്യൻ സൈബർ അക്രമികളാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ട് വഴി ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് ടിആർഎഫ് ഇപ്പോൾ ആരോപിക്കുന്നു.
പഹൽഗാം ആക്രമണത്തിനു പിന്നാലെ കശ്മീരിൽ ജനരോഷം ശക്തമായിരുന്നു. തുടർന്ന്, ഭീകർക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ടിആർഎഫിന്റെ പുതിയ വാർത്താക്കുറിപ്പ് പുറത്തുവന്നിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ടിആർഎഫിന്റെ അക്കൗണ്ടിലേക്ക് ഇന്ത്യൻ സൈബർ വിഭാഗം നുഴഞ്ഞുകയറിയെന്നും അവരാണ് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പോസ്റ്റ് ഇട്ടതെന്നുമാണ് ആരോപണം.
രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് ഇതാദ്യമല്ലെന്നും ടിആർഎഫ് കുറ്റപ്പെടുത്തി. ആക്രമണത്തെ ടിആർഎഫുമായി ബന്ധപ്പെടുത്തിയുള്ള വാദങ്ങൾ തെറ്റാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. പഹൽഗാം ആക്രമണം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ച കൊണ്ട് ഉണ്ടായതാണെന്നും പാക്കിസ്ഥാന് പങ്കില്ലെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവർത്തിച്ചു.
നയതന്ത്ര യുദ്ധത്തിൽ മുടന്തുമ്പോഴും ലോക രാജ്യങ്ങൾ ഒറ്റപ്പെടുത്തുമ്പോഴും പാക്കിസ്ഥാൻ നേതാക്കൾ പ്രകോപനം നിർത്തുന്നില്ല. സിന്ധു നദീ ജലം തടയാനുള്ള ഇന്ത്യൻ തീരുമാനത്തിനെതിരെ യുദ്ധം നടത്തുമെന്ന് ബിലാവൽ ബൂട്ടോ ഭീഷണി മുഴക്കി. സിന്ധു നദീ ജലം പാക്കിസ്ഥാന്റേത് ആണെന്നും വെള്ളം തടഞ്ഞാൽ പകരം ചോരപ്പുഴ ഒഴുക്കുമെന്നുമാണ് ഭീഷണി.
Story Highlights: The Resistance Front (TRF), a banned organization, has denied involvement in the Pahalgam attack, claiming Indian cyber attackers posted a message taking responsibility.