പാലക്കാട് നടന്നത് ശക്തമായ ത്രികോണ മത്സരമാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. അവിടെ വർഗീയ കൂട്ടുകെട്ടുണ്ടായി. ജമാത്തെ ഇസ്ലാമി എസ്ഡിപിഐ സഖ്യം കൂടി യുഡിഎഫിനൊപ്പം നിന്നപ്പോഴുണ്ടായ വിജയമാണ് പാലക്കാട് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ടെ തിരഞ്ഞെടുപ്പിലെ ന്യൂനപക്ഷ – ഭൂരിപക്ഷ വർഗീയതയുടെ കൂട്ടുകെട്ട് നാടിന് ആപത്താണെന്നും ടിപി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
വയനാട് തിരഞ്ഞെടുപ്പ് നടന്നത് പ്രത്യേക അന്തരീക്ഷത്തിലാണെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. എത്ര പരിശ്രമിച്ചാലും വയനാട് ഇടതുപക്ഷം ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ൽ രാഹുൽ ഗാന്ധിയ്ക്ക് കിട്ടിയ വോട്ടും 2024 ൽ അദ്ദേഹത്തിന് ലഭിച്ച വോട്ടും ഇപ്പോൾ പ്രിയങ്കാഗാന്ധിക്ക് കിട്ടിയ വോട്ടും പരിശോധിക്കുമ്പോൾ താരതമ്യേന കുറവാണെന്നും ടിപി രാമകൃഷ്ണൻ വിശദീകരിച്ചു.
ഡോ പി സരിന്റെ സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പിൽ ഒരിക്കലും ഒരു തിരിച്ചടിയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. അദ്ദേഹം ഇടതുപക്ഷത്തിന് മുതൽക്കൂട്ടാണെന്നും വരുംകാല പ്രവർത്തനങ്ങളിൽ സരിൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേലക്കരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കണമെന്നാണ് കെസി വേണുഗോപാൽ പറഞ്ഞതെങ്കിലും, അവിടെ സർക്കാരിന് അനുകൂലമായ ജനവിധിയാണ് ഉണ്ടായതെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. ജനവിധി ഇടതുപക്ഷ ജനാധിപത്യ മുന്നണി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: LDF Convener TP Ramakrishnan reacts to Palakkad, Chelakkara, and Wayanad by-election results, highlighting communal alliances and voting patterns.