**തൃശ്ശൂർ◾:** വടക്കാഞ്ചേരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കോട് സ്വദേശി മിഥുൻ (30) ആണ് മരിച്ചത്. സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മിഥുനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. കേസിൽ പ്രതികളല്ലാത്ത ആളുകളെയും മൊഴിയെടുത്ത് കസ്റ്റഡിയിലെടുക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്ന് പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാട്ടുപന്നിയുടെ മാംസം വിൽപന നടത്തിയെന്ന കേസിൽ അറസ്റ്റിലായതിനെ തുടർന്ന് മിഥുൻ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച ജാമ്യത്തിൽ ഇറങ്ങിയ മിഥുൻ മാനസിക വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
മിഥുൻ ഫോൺ വാങ്ങുന്നതിനായി ഇന്നലെ വനംവകുപ്പിന്റെ ഓഫീസിലെത്തിയിരുന്നു. എന്നാൽ ഏഴംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഈ മനോവിഷമത്തിലാണ് മിഥുൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.
തഹസിൽദാർ സ്ഥലത്തെത്തിയിട്ട് മൃതദേഹം ഇറക്കിയാൽ മതിയെന്ന് നാട്ടുകാർ പറഞ്ഞിട്ടുണ്ട്. മിഥുൻ സമൂഹത്തിന് വേണ്ടപ്പെട്ട പയ്യനാണ്, ഇതിന് പരിഹാരം കണ്ടിട്ടേ പിരിഞ്ഞുപോകൂ എന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.
story_highlight:Thrissur: Youth arrested by forest officials found dead, sparking local protests.