തൃശ്ശൂർ പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന കൊള്ളസംഭവത്തിൽ പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. അങ്കമാലി-പെരുമ്പാവൂർ റൂട്ടിൽ നിന്നും പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായാണ് സൂചന. ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ബന്ദികളാക്കിയ ശേഷം 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്.
പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. കവർച്ച നടന്ന പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നും പോലീസ് തെളിവുകൾ ശേഖരിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. സ്കൂട്ടറിൽ കയ്യുറകളും ഹെൽമെറ്റും ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഭക്ഷണ ഇടവേള ആയതിനാൽ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണമുറിയിലായിരുന്നു. ബാങ്ക് മാനേജർ ഉൾപ്പെടെ രണ്ടുപേർ മാത്രമാണ് പുറത്തുണ്ടായിരുന്നത്.
ഈ രണ്ട് ജീവനക്കാരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക് ആക്കി വാതിൽ പുറത്തുനിന്നും പൂട്ടി. ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നത്.
മോഷ്ടാവ് ഹെൽമറ്റ് വച്ചും കൈയുറ ധരിച്ചും ആയതിനാൽ ജീവനക്കാർക്കോ പോലീസിനോ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഉൾപ്പെടെയുള്ളവർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. നിർണായകമായ സിസിടിവി ദൃശ്യങ്ങൾ കിട്ടിയെന്നും പോലീസ് സൂചന നൽകി.
Story Highlights: The accused in the Thrissur bank robbery has reportedly fled to Ernakulam district, according to police.