കൊങ്കൺ റെയിൽവേ പാതയിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം മൂന്ന് ട്രെയിനുകൾ റദ്ദാക്കി. പെർണം ടണലിലെ പ്രശ്നങ്ങൾ തുടരുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.
കാലാവസ്ഥ പ്രതികൂലമായതിനാൽ ചെളിയും മണ്ണും നീക്കം ചെയ്യുന്നത് വൈകുന്നതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം. എന്നാൽ രാത്രി എട്ടുമണിയോടെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് കൊങ്കൺ റെയിൽവേ വ്യക്തമാക്കി.
16346 തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ്, 16345 ലോകമാന്യ തിലക്-തിരുവനന്തപുരം എക്സ്പ്രസ്, 12619 ലോകമാന്യ തിളക്-മംഗുളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. നേരത്തെ ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ട്രെയിനുകളും റദ്ദാക്കിയിരുന്നു.
തുരങ്കത്തിലെ തടസം നീക്കുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
എറണാകുളം ജംഗ്ഷൻ-പൂനെ ജംഗ്ഷൻ എക്സ്പ്രസ്, മംഗളുരു ജംഗ്ഷൻ-മുംബൈ സിഎസ്എംടി എക്സ്പ്രസ്, എറണാകുളം ജംഗ്ഷൻ-എച്ച് നിസാമുദ്ദീൻ, തിരുവനന്തപുരം സെൻട്രൽ-എച്ച് നിസാമുദ്ദീൻ എക്സ്പ്രസ്, ലോകമാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ്, ബാവ്നഗർ-കൊച്ചുവേളി എക്സ്പ്രസ്, ലോകമാന്യ തിലക്-എറണാകുളം എക്സ്പ്രസ്, ഇൻഡോർ ജംഗ്ഷൻ-കൊച്ചുവേളി എക്സ്പ്രസ്, തിരുനെൽവേലി-ദാദർ എക്സ്പ്രസ്, ശ്രീ ഗംഗാനഗർ-കൊച്ചുവേളി എക്സ്പ്രസ് എന്നീ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.