തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ മൂന്ന് ഹനുമാൻ കുരങ്ങുകളും തിരികെ എത്തി. കഴിഞ്ഞ ദിവസമാണ് ഈ കുരങ്ങുകൾ മൃഗശാലയിൽ നിന്നും രക്ഷപ്പെട്ടത്. മൃഗശാല പരിസരത്തെ മരത്തിനു മുകളിലാണ് ഇവ കണ്ടെത്തിയത്. മാസങ്ങൾക്കു മുൻപ് മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാൻ കുരങ്ങും ഇത്തവണ ചാടിപ്പോയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ഇന്നലെ രണ്ട് കുരങ്ങുകൾ തിരികെ കൂട്ടിൽ എത്തിയിരുന്നു. ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് ഇവയെ കൂട്ടിൽ കയറ്റിയതെന്ന് മൃഗശാല അധികൃതർ അറിയിച്ചു. മൂന്നാമത്തെ കുരങ്ങിനെ നിരീക്ഷിക്കാൻ നാല് ജീവനക്കാരെയും അധികൃതർ നിയോഗിച്ചിരുന്നു. KSEBയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ ഈ കുരങ്ങിനെ പിടികൂടാനായത്.
മൃഗശാലയിലെ സന്ദർശക കൂട്ടിലേക്ക് മാറ്റുന്ന ട്രയൽ നടത്തുന്ന സമയത്താണ് നേരത്തെ ഒരു ഹനുമാൻ കുരങ്ങ് ചാടിപ്പോയ സംഭവം ഉണ്ടായത്. ക്വാറൻ്റീനിൽ പാർപ്പിച്ചിരുന്ന കൂട്ടിൽ നിന്നും സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിനിടയിൽ കുരങ്ങ് ഞൊടിയിടയിൽ കടന്നുകളയുകയായിരുന്നു. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽ നിന്ന് എത്തിച്ചവയായിരുന്നു ഇത്. ഇപ്പോൾ തിരികെ എത്തിയ കുരങ്ങുകളെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.
Story Highlights: All three escaped Hanuman monkeys from Thiruvananthapuram Zoo have been recaptured with KSEB assistance