തിരുവനന്തപുരം: തലസ്ഥാന നഗരിയായ തിരുവനന്തപുരം വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്ക്ക് വേദിയാകും. ഇതു സംബന്ധിച്ച് ഐസിസിയുടെ അനുമതി വന്നിട്ടില്ലെങ്കിലും ഏകദേശ തീരുമാനമായതായാണ് വിവരം. നിലവിലെ തീരുമാന പ്രകാരം അഞ്ച് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനം എന്നറിയുന്നു. ഉദ്ഘാടന ചടങ്ങും ടൂര്ണമെന്റിലെ ആദ്യ മത്സരവും വിശാഖപട്ടണത്ത് നടക്കും. ഫൈനല്‍ ഇന്ഡോറിലോ ഗുവാഹത്തിയിലോ ആയിരിക്കും. മുല്ലൻപുർ, ഇൻഡോർ, ഗുവാഹത്തി എന്നിവയാണ് മറ്റു വേദികൾ. മൂന്ന് ആഴ്ച നീണ്ടുനില്ക്കുന്ന ടൂര്ണമെന്റ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ്.
2023 പുരുഷ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്ക്ക് വേദിയായ നഗരങ്ങളൊന്നും വനിതാ ലോകകപ്പ് വേദികളിൽ ഉള്പ്പെട്ടിട്ടില്ല. ഇതോടെ പ്രധാന നഗരങ്ങളായ മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ന്യൂഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ വനിതാ ലോകകപ്പ് മത്സരങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പായി. 2026 ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാലാണ് ഈ നഗരങ്ങളെ ഒഴിവാക്കിയതെന്നാണ് വിവരം. ട്വന്റി20 ലോകകപ്പില് ഇന്ത്യയ്ക്കൊപ്പം ശ്രീലങ്കയും വേദിയാകുന്നുണ്ട്.
വനിതാ ലോകകപ്പിനായി ബിസിസിഐ വേദികള് നിശ്ചയിച്ചത് വിവിധ ഘടകങ്ങള് പരിഗണിച്ചാണെന്ന് റിപോര്ട്ടില് പറയുന്നു. 2023 ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പില് ഈ അഞ്ച് വേദികളിലും ഒരു മത്സരം പോലും നടന്നിട്ടില്ല. എന്നാല്, തിരുവനന്തപുരത്തും ഗുവാഹത്തിയിലും ടൂര്ണമെന്റിന്റെ സന്നാഹ മത്സരങ്ങള് നടന്നിരുന്നു.
ഈ വര്ഷം വനിതാ പ്രീമിയര് ലീഗ് നടന്ന മുംബൈയും വഡോദരയും വേദികളായി പരിഗണിച്ചിരുന്നു. എന്നാല് മഴ സീസണ് പരിഗണിച്ച് ഈ വേദികള് ഒഴിവാക്കുകയായിരുന്നു. സേവനങ്ങളും സൗകര്യങ്ങളും മറ്റ് ലോജിസ്റ്റിക് ആവശ്യകതകളും സുഗമമാക്കുന്നതിനാണ് അഞ്ച് വേദികള് മാത്രം തിരഞ്ഞെടുത്തത്. 2013ൽ ആണ് അവസാനമായി ഇന്ത്യയിൽ വനിതാ ലോകകപ്പ് നടന്നത്.
Story Highlights: Thiruvananthapuram is likely to host five matches of the 2024 Women’s Cricket World Cup, pending ICC approval.