ടെസ്ല ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് വാഹനലോകത്തെ പുതിയ ചർച്ചാവിഷയം. കമ്പനി വിവിധ തസ്തികകളിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നു. ടെസ്ലയുടെ ലിങ്ക്ഡ്ഇൻ പേജിലാണ് ഈ വിവരം പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ 13 ഒഴിവുകളെക്കുറിച്ചുള്ള പോസ്റ്റ് തിങ്കളാഴ്ച മുതൽ ലഭ്യമാണ്. ടെസ്ലയുടെ ലിങ്ക്ഡ്ഇൻ പേജിലെ ലിസ്റ്റിംഗ് പ്രകാരം, ഉപഭോക്തൃ സേവനം, വാഹന പരിപാലനം, വിൽപ്പന, ബിസിനസ് പ്രവർത്തനങ്ങൾ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകളുള്ളത്. 13 ഒഴിവുകളിൽ 12 എണ്ണം മുഴുവൻ സമയ ജോലികളും ഒരെണ്ണം പാർട്ട് ടൈം ജോലിയുമാണ്.
മുംബൈയിലോ ഡൽഹിയിലോ ഉള്ള ടെസ്ലയുടെ ഓഫീസുകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം. മഹാരാഷ്ട്രയിലെ മുംബൈയിലാണ് ടെസ്ല തൊഴിലവസരങ്ങൾ പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. സർവീസ് അഡ്വൈസർ, പാർട്സ് അഡ്വൈസർ, സർവീസ് ടെക്നീഷ്യൻ, സർവീസ് മാനേജർ, ടെസ്ല അഡ്വൈസർ തുടങ്ങിയ തസ്തികകളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നു. സ്റ്റോർ മാനേജർ, ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്, കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർ, കസ്റ്റമർ സപ്പോർട്ട് സ്പെഷ്യലിസ്റ്റ് തുടങ്ങിയവയും ഒഴിവുകളുടെ പട്ടികയിലുണ്ട്.