ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റതായും, ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്ത് സൈന്യം വ്യാപക പരിശോധന നടത്തി. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞദിവസം ജമ്മുവിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്.
വിവിധ സെക്ടറുകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൈന്യത്തെ വിന്യസിച്ചിരുന്നു. ഡോഡ ജില്ലയിലെ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്, സൈന്യം, സിആർപിഎഫ് എന്നിവ സംയുക്തമായി പരിശോധനകൾ നടത്തിവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടായത്.
ഡോഡ ജില്ലയിൽ നേരത്തെ നടന്ന ഭീകരാക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ജമ്മുവിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ സന്ദർശനം നടന്നത്. ഇപ്പോഴത്തെ ആക്രമണം പ്രദേശത്തെ സുരക്ഷാ സ്ഥിതി കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.