അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജെഡി വാൻസിൻ്റെ ഭാര്യ ഉഷയ്ക്കെതിരെ നടക്കുന്ന വംശീയ ആക്രമണങ്ങൾക്കെതിരെ തെലുങ്ക് സമൂഹം രംഗത്തെത്തി. മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് ഉഷയ്ക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം നടക്കുന്നത്. നോർത്ത് അമേരിക്ക തെലുഗു അസോസിയേഷൻ പ്രസിഡൻ്റ് നിരഞ്ജൻ ശൃംഗവരപു ഈ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.
കമല ഹാരിസും ഉഷ വാൻസും എന്ന രണ്ട് ഇന്ത്യൻ വംശജർ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ കേന്ദ്ര ബിന്ദുക്കളായി മാറിയിരിക്കുന്നു. കുടിയേറ്റ വിഷയത്തിൽ ഉദാര നിലപാടുള്ള ഡെമോക്രാറ്റുകളെയാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹം പൊതുവേ പിന്തുണയ്ക്കുന്നത്. എന്നാൽ, ഗ്രീൻ കാർഡുള്ള, ബിസിനസ് ചെയ്യുന്ന ഇന്ത്യക്കാർ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് പിന്തുണ നൽകുന്നത്. ഈ സാഹചര്യത്തിൽ തെലുങ്ക് സമൂഹം എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയുണ്ട്.
കമല ഹാരിസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായാൽ ഇന്ത്യൻ സമൂഹത്തിൻ്റെ മുഴുവൻ വോട്ടും ഡെമോക്രാറ്റുകൾക്ക് ലഭിക്കുമെന്ന് തെലുഗു അസോസിയേഷൻ പ്രസിഡൻ്റ് വിലയിരുത്തുന്നു. എന്നാൽ, റിപ്പബ്ലിക്കൻ ഭരണകാലത്താണ് ഇന്ത്യയ്ക്ക് കൂടുതൽ നേട്ടമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഷയ്ക്കെതിരായ വംശീയ ആക്രമണങ്ങൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുതെന്നും, തെരഞ്ഞെടുപ്പ് മെറിറ്റിൻ്റെ അടിസ്ഥാനത്തിലാവണമെന്നും സംഘടനയുടെ മുൻ അധ്യക്ഷൻ മോഹൻ നന്നാപേനി അഭിപ്രായപ്പെട്ടു.