തെലങ്കാനയിലെ നാഗർകുർണൂലിൽ തുരങ്കം തകർന്ന് കുടുങ്ങിയ എട്ട് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഫെബ്രുവരി 22നാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പദ്ധതിയുടെ ഭാഗമായ ടണൽ നിർമാണത്തിനിടെ അപകടം ഉണ്ടായത്. തുരങ്കത്തിനുള്ളിൽ ഏകദേശം 14 കിലോമീറ്റർ അകലെ അവശിഷ്ടങ്ങൾക്കിടയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. കര-നാവിക-ദുരന്ത നിവാരണ സേനകൾ ഉൾപ്പെടെ 11 ഏജൻസികൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അഭ്യർത്ഥന മാനിച്ച് കേരള പോലീസിന്റെ രണ്ട് കഡാവർ നായ്ക്കളെയും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയും ഹൈദരാബാദിലേക്ക് അയച്ചു. നേരത്തെ ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ദൗത്യ സംഘത്തിനൊപ്പം ഉണ്ടായിരുന്ന റാറ്റ് മൈനേഴ്സും നാഗർകുർണൂലിലെത്തിയിട്ടുണ്ട്. അത്യാധുനിക എൻഡോസ്കോപ്പിക്, റോബോട്ടിക് ക്യാമറകൾ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു.
9.5 അടി വ്യാസമുള്ള തുരങ്കത്തിനകത്തെ പ്രതികൂല സാഹചര്യം രക്ഷാപ്രവർത്തനത്തെ വെല്ലുവിളി നിറഞ്ഞതാക്കുന്നു. തുരങ്കത്തിനകത്തേക്ക് മുഴുവൻ സമയവും ഓക്സിജൻ സപ്ലൈ ചെയ്യുന്നുണ്ട്. എട്ട്പേർ കുടുങ്ങിക്കിടക്കുന്നതിന് 40 മീറ്റർ ഇപ്പുറംവരെ മാത്രമേ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടുള്ളൂ. വലിയ യന്ത്രങ്ങൾ തുരങ്കത്തിലൂടെ കൊണ്ടുപോകുന്നതും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ദുഷ്കരമാണ്.
584 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ടണലിനുള്ളിലെ ചെളിയും മണ്ണും പൂർണമായും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവ നീക്കിയാൽ മാത്രമേ തൊഴിലാളികൾ അകപ്പെട്ട സ്ഥലത്ത് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിക്കൂ. കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാമെന്ന പ്രതീക്ഷ കുറഞ്ഞുവരികയാണ്.
നിർമാണത്തിലിരുന്ന ടണലിന്റെ മൂന്ന് മീറ്റർ റൂഫിങ് ഭാഗം ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. അപകട സമയത്ത് 50 തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും 42 പേരെ രക്ഷപ്പെടുത്തി. കൃഷ്ണ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി നിർമ്മിച്ച ശ്രീശൈലം അണക്കെട്ടിൽ നിന്ന് നാഗർ കുർണൂൽ, നഗൽകോണ്ട ജില്ലകളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഈ തുരങ്കം. 50.75 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്.
Story Highlights: Kerala Police’s cadaver dogs join rescue efforts in Telangana tunnel accident.