തെലങ്കാനയിലെ നാഗർകുർണൂൽ ടണൽ അപകടത്തിൽ കുടുങ്ങിയ എട്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്നും തുടരുകയാണ്. രണ്ട് എഞ്ചിനീയർമാർ ഉൾപ്പെടെ എട്ട് പേരാണ് ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ഫെബ്രുവരി 18നാണ് ടണൽ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ രക്ഷാപ്രവർത്തന സംവിധാനങ്ങൾ എത്തിച്ചിട്ടുണ്ട്.
NDRF ന്റെ ഡോഗ് സ്ക്വാഡും ദൗത്യ മേഖലയിൽ ഉണ്ട്. ടണലിന്റെ മുകൾഭാഗം തകർന്നുവീണാണ് അപകടമുണ്ടായത്. ടണലിനുള്ളിലെ ചെളിയും ബോറിങ് മെഷീന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നത് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയാണ്. എൻഡോസ്കോപിക് & റോബോട്ടിക് ക്യാമറകൾ ഉപയോഗിച്ച് ദൗത്യസംഘത്തിന് പ്രവേശിക്കാൻ കഴിയാത്ത ഭാഗങ്ങൾ പരിശോധിക്കുന്നുണ്ട്.
നാഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാഗമായ ടണലിലാണ് അപകടം. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്. ടണലിൽ 14 കിലോമീറ്റർ ഉൾഭാഗത്താണ് അപകടം നടന്നത്. തൊഴിലാളികളെ ഉടൻ കണ്ടെത്തി രക്ഷപ്പെടുത്താനാകുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ച നിർമ്മാണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോഴാണ് അപകടം. അമ്പതോളം തൊഴിലാളികൾ അപകട സമയത്ത് ടണലിൽ ഉണ്ടായിരുന്നു. 43 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചില തൊഴിലാളികൾക്ക് പരുക്കേറ്റിരുന്നു.
Story Highlights: Eight workers, including two engineers, are trapped after a tunnel collapse in Telangana, India.