കർണാടകയിലെ ഹിജാബ് വിവാദത്തിന് തുടക്കമിട്ട ഉഡുപ്പി കുന്താപുര ഗവ.പിയു കോളേജ് പ്രിൻസിപ്പലിന് സംസ്ഥാന അധ്യാപക പുരസ്കാരം പ്രഖ്യാപിച്ചത് വിവാദമായതിനെ തുടർന്ന് സർക്കാർ അവാർഡ് തടഞ്ഞുവെച്ചു. ഉഡുപ്പി കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി ജി രാമകൃഷ്ണയ്ക്ക് നൽകാനിരുന്ന പുരസ്കാരമാണ് മരവിപ്പിച്ചത്. സർക്കാർ നടപടിയിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ രംഗത്തെത്തി.
പുരസ്കാരത്തിന് അർഹരായ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് ജില്ലാകമ്മറ്റികളുണ്ട്. അവർ നൽകിയ പേരുകളുടെ പട്ടികയിൽ ബി ജി രാമകൃഷ്ണയുടെ പേരുമുൾപ്പെട്ടിരുന്നു. ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. പ്രിൻസിപ്പൽ വിദ്യാർഥികളോട് പെരുമാറിയ രീതിയിലാണ് പ്രശ്നമെന്നും ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
2022 ഫെബ്രുവരിയിൽ ഉഡുപ്പി കോളേജ് ക്ലാസ്മുറികളിൽ ഹിജാബ് നിരോധിച്ചിരുന്നു. പിന്നാലെ മറ്റു ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത് പിന്തുടർന്നതിനേത്തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുണ്ടായി. തുടർന്ന് ബസവരാജ ബൊമ്മൈയുടെ ബിജെപി സർക്കാർ ക്യാമ്പസുകളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കി. ക്യാമ്പസുകളിൽ സമത്വത്തിനും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന ഒരു വസ്ത്രവും അനുവദിക്കാനാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹിജാബിന് നിരോധനമേർപ്പെടുത്തിയത്. കടുത്ത പ്രതിഷേധങ്ങളേത്തുടർന്ന് സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദിവസങ്ങളോളം അടച്ചിടേണ്ടതായി വന്നു.
Story Highlights: Karnataka government withholds teacher award for Udupi college principal involved in hijab controversy