ഒഡിഷയിൽ അധ്യാപക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ അറിയിച്ചു. ബാലാസോറിലെ ഫക്കീർ മോഹൻ കോളജിലെ രണ്ടാം വർഷ ബിഎഡ് വിദ്യാർത്ഥിനിയാണ് മരിച്ചത്. ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിയാണ് മരണ വിവരം അറിയിച്ചത്.
അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് എയിംസ് ഭുവനേശ്വറിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ രാത്രി 11:45 ഓടെ പെൺകുട്ടി മരിച്ചു. കഴിഞ്ഞ ദിവസം രാഷ്ട്രപതി എയിംസിൽ എത്തി പെൺകുട്ടിയെ സന്ദർശിച്ചിരുന്നു. ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ ഭുവനേശ്വറിലെ എയിംസിൽ എത്തി പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു.
സംഭവത്തിൽ ആരോപണവിധേയനായ അസിസ്റ്റന്റ് പ്രൊഫസർ സമീർ കുമാർ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പരാതി നൽകിയിട്ടും കോളേജ് അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിനെ തുടർന്ന് ഈ മാസം ഒന്നു മുതൽ കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അധ്യാപകനെതിരെ പരാതി ഉയർന്നതോടെ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആദ്യം ബാലാസോർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് ഭുവനേശ്വർ എയിംസിലേക്ക് മാറ്റുകയായിരുന്നു. ഈ സംഭവത്തിൽ സംസ്ഥാന സർക്കാർ ഉന്നത സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ വിദ്യാർത്ഥിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അതിജീവിക്കാൻ ശ്രമിക്കണമെന്നും അധികൃതർ അറിയിച്ചു. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാനും അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.
ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056
Story Highlights: ഒഡിഷയിൽ അധ്യാപക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു.