മത്സരത്തിനിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ താരം തമിം ഇക്ബാലിന് ഹൃദയാഘാതം. അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയര് ലീഗിൽ മുഹമ്മദന് സ്പോര്ട്ടിങ് ക്ലബും ഷൈന്പുകുര് ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. 35കാരനായ ഓപണര്ക്ക് മൈതാനത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും തുടര്ന്ന് അടിയന്തര വൈദ്യ സഹായം നല്‍കുകയുമായിരുന്നു. അദ്ദേഹത്തെ അടിയന്തര ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
ധാക്കയിലേക്ക് കൊണ്ടു പോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാല് ഫാസിലതുനൈസ ആശുപത്രിയിലേക്ക് കൊണ്ടു അദ്ദേഹത്തെ പ്രവേശിപ്പിച്ചു. താരത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡിന്റെ ചീഫ് ഫിസിഷ്യന് ഡോ.ദേബാഷിഷ് ചൗധരി സ്ഥിരീകരിച്ചു. ചികിത്സ നടപടികള് പുരോഗമിക്കുകയാണ്. തുടര്ചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.
ടോസ് സമയത്ത് തമീം തികച്ചും സാധാരണ നിലയിലായിരുന്നുവെന്ന് ബികെഎസ്പി ചീഫ് ക്രിക്കറ്റ് കോച്ച് മോണ്ടു ദത്ത മാധ്യമങ്ങളോട് പറഞ്ഞു. തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ യോഗം റദ്ദാക്കി. ബോർഡ് പ്രസിഡൻ്റ് ഫാറൂഖ് അഹമ്മദും മറ്റ് അംഗങ്ങളും തമീമിനെ കാണാൻ ആശുപത്രിയിലെത്തി.
ബംഗ്ലാദേശ് ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളില് ഒരാളാണ് തമീം ഇക്ബാല്. 2023 ജൂലായിൽ നടത്തിയ പത്രസമ്മേളനത്തിനിടെ തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ അദ്ദേഹം തന്റെ തീരുമാനം മാറ്റി. പിന്നീട് ഈ വർഷം ജനുവരിയിൽ അദ്ദേഹം രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി.
Story Highlights: Former Bangladesh cricket captain Tamim Iqbal suffered a heart attack during a Dhaka Premier League match and is in critical condition.