മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് ഗ്രാമവികസന, തദ്ദേശവകുപ്പ് മന്ത്രി ഐ പെരിയസാമി പ്രഖ്യാപിച്ചു. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. ഡിഎംകെ ഭരണത്തിൽ തമിഴ്നാട്ടുകാരുടെ സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച കേരളം തമിഴ്നാടിന് മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകിയിരുന്നു. സ്പിൽവേ, അണക്കെട്ട് എന്നിവിടങ്ങളിൽ സിമന്റ് പെയിന്റിങ് ഉൾപ്പെടെ ഏഴ് ജോലികൾക്കാണ് അനുമതി നൽകിയത്. കർശന ഉപാധികളോടെയാണ് ജലവിഭവ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിൽ എത്തിയ ബുധനാഴ്ച തന്നെയാണ് ഈ അനുമതി നൽകിയത്.
ഇടുക്കി എംഐ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളുടെയോ സാന്നിധ്യത്തിൽ മാത്രമേ ജോലികൾ നടത്താവൂ എന്ന നിബന്ധനയുണ്ട്. നിർമ്മാണ സാമഗ്രികൾ മുൻകൂർ അനുമതി വാങ്ങി, പകൽ സമയങ്ങളിൽ മാത്രമേ കൊണ്ടുപോകാവൂ. ചെക്ക് പോസ്റ്റുകളിൽ പരിശോധന ഉണ്ടാകുമെന്നും അനുമതി നൽകാത്ത ഒരു നിർമ്മാണവും അനുവദിക്കില്ലെന്നും വന നിയമം പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നേരത്തെ, സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമേ അറ്റകുറ്റപ്പണി നടത്താൻ അനുവദിക്കൂ എന്നായിരുന്നു കേരള സർക്കാരിന്റെ നിലപാട്. നിർമ്മാണ സാമഗ്രികളുമായി എത്തിയ തമിഴ്നാട് വാഹനം കേരളം തടഞ്ഞതും വിവാദമായിരുന്നു. പിന്നീട് കഴിഞ്ഞ ആറാം തീയതി തമിഴ്നാട് അപേക്ഷ നൽകുകയും ഈ അപേക്ഷ പരിഗണിച്ചാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Story Highlights: Tamil Nadu minister announces plan to raise Mullaperiyar dam water level to 152 feet, sparking controversy with Kerala.