കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. ഡിഎംകെ പ്രവർത്തകർ പൊള്ളാച്ചി, പാളയൻകോട്ട റെയിൽവേ സ്റ്റേഷനുകളിലെ നെയിംബോർഡുകളിലെ ഹിന്ദി എഴുത്തുകൾക്ക് കറുത്ത പെയിന്റ് അടിച്ചു. റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള പ്രതിഷേധം തുടരുമെന്നും ഡിഎംകെ വിദ്യാർത്ഥി വിഭാഗവും പ്രതിഷേധം ആരംഭിക്കുമെന്നും സൂചനയുണ്ട്.
തമിഴ് വാഴ്ക എന്ന മുദ്രാവാക്യമുയർത്തിയാണ് ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചത്. പൊള്ളാച്ചി റെയിൽവേ സ്റ്റേഷനിലേക്ക് രാവിലെ ഏഴ് മണിക്ക് മാർച്ച് നടത്തിയ പ്രവർത്തകർ പ്ലാറ്റ്ഫോമിലെ നെയിംബോർഡിലെ ഹിന്ദി എഴുത്തുകൾക്ക് മുകളിൽ കറുത്ത പെയിന്റ് അടിച്ചു. പാളയൻകോട്ടെ റെയിൽവേ സ്റ്റേഷനിലും സമാനമായ പ്രതിഷേധം ഉച്ചയ്ക്ക് അരങ്ങേറി.
പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോയമ്പത്തൂരിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രതിഷേധം ശക്തമാകുന്നത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ഈ ആഴ്ച തമിഴ്നാട്ടിൽ എത്തുന്നുണ്ട്. നേതാക്കൾ തമ്മിലുള്ള വാക്ക്പോര് പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് വഴിമാറുകയാണ്.
ഡിഎംകെ വിദ്യാർത്ഥി വിഭാഗം നാളെ മുതൽ പ്രതിഷേധം ആരംഭിക്കും. ത്രിഭാഷാ നയത്തിലെ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം. തമിഴ് ഭാഷയുടെ അസ്തിത്വത്തെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്റേതെന്ന് ഡിഎംകെ ആരോപിക്കുന്നു.
Story Highlights: Protests escalate in Tamil Nadu against the central government’s three-language policy.