അഫ്ഗാൻ തലസ്ഥാനമായ കാബൂൾ കൂടി താലിബാൻ പിടിച്ചടക്കിയതോടെ താലിബാന് മുന്നിൽ അഫ്ഗാൻ കീഴടങ്ങി. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഖനി രാജിവെക്കുമെന്ന് അറിയിച്ചതിനു പിന്നാലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നും അഫ്ഗാൻ പതാക നീക്കി പകരം താലിബാന്റെ പതാക ഉയർത്തി.
താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. 20 വർഷത്തിനു ശേഷമാണ് താലിബാൻ അഫ്ഗാനിൽ ഭരണം പിടിച്ചെടുക്കുന്നത്.
അഫ്ഗാനിസ്ഥാന്റെ പുതിയ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നാക്കി ഉടൻ പ്രഖ്യാപിക്കുമെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാനിൽ ഭരണ നിയന്ത്രണങ്ങൾക്കായി മൂന്നംഗ താൽക്കാലിക സമിതിയെ നിയമിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം കാബൂൾ പ്രവിശ്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ റദ്ദാക്കി. സൈനിക വിമാനങ്ങൾക്ക് മാത്രമായിരിക്കും അനുമതി. താലിബാന് മുന്നിൽ കീഴടങ്ങില്ലെന്ന് ഉറപ്പിച്ചിരുന്ന പ്രസിഡണ്ട് അഷ്റഫ് ഖനിക്ക് നാലു വശത്തുനിന്നും താലിബാൻ വളഞ്ഞതോടെ മറ്റു നിവൃത്തിയില്ലാതെ കീഴടങ്ങേണ്ടതായി വന്നു. പ്രതിരോധം തീർക്കാൻ അഫ്ഗാൻ ശ്രമിച്ചെങ്കിലും പലയിടത്തും ഏറ്റുമുട്ടലിന് നിൽക്കാതെ സൈന്യം പിൻവലിയുകയായിരുന്നു.
Story Highlights: Taliban will soon declare Afghanistan as ‘Islamic Emirate of Afghanistan ‘.