രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തെ പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ

Anjana

ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തെ പിന്തുണച്ച് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ രംഗത്തെത്തി. രാഹുലിന്റെ പ്രസംഗം മുഴുവനായി കേട്ടതായും അതിൽ ഹിന്ദു വിരുദ്ധ പരാമർശം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുമതത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് രാഹുൽ വ്യക്തമായി പറഞ്ഞതായും സ്വാമി അവിമുക്തേശ്വരാനന്ദ ചൂണ്ടിക്കാട്ടി.

രാഹുലിന്റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചത് ശരിയല്ലെന്നും ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്സഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുൽ, ആർഎസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നുവെന്ന് രാഹുൽ ആരോപിച്ചു. ഈ പ്രസ്താവനകൾ ഹിന്ദുമതത്തിന് എതിരല്ലെന്നും സ്വാമി അവിമുക്തേശ്വരാനന്ദ വ്യക്തമാക്കി.