കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിൽ സംസ്ഥാന സർക്കാരുകൾ കൂടുതൽ സജീവമായി ഇടപെടണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. വിനോദസഞ്ചാരം സംസ്ഥാന വിഷയം കൂടിയായതിനാൽ, സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കണമെന്നും, അത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാനേ കേന്ദ്ര സർക്കാരിന് കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും, ഈ മാറ്റങ്ങൾക്കനുസരിച്ച് പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ഡെസ്റ്റിനേഷൻ ബിയോണ്ട് ഡെസ്റ്റിനേഷൻ’ പദ്ധതി ഇതിന്റെ ഭാഗമാണെന്നും, ഗോവയിൽ ‘ഡെസ്റ്റിനേഷൻ ബിയോണ്ട് ബീച്ചസ്’ എന്ന ആശയം ഇതിലൂടെ മുന്നോട്ട് വച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തിൽ ടർക്കി, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ശക്തമായ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ, പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി ലോകത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ പങ്കുവഹിക്കാനാവുകയെന്നും, പുതിയ തലമുറയിലെ യുവ പ്രവാസി വ്യവസായികളുടെ നിക്ഷേപം ഈ മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണേന്ത്യയിൽ പ്രവർത്തിക്കുന്ന റിസോർട്ട് ശൃംഖലയായ വെക്കാ സ്റ്റേയുടെ ബുക്കിംഗ് ആപ്പ് ‘വെക്കാ സ്റ്റേ കൾച്ചറി’ന്റെയും ‘വെക്കാസ്റ്റേ ലെഗസി കാർഡി’ന്റെയും ലോഞ്ചിംഗ് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ആപ്പിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 5000 പേരിൽ നിന്ന് ഒരാൾക്ക് ‘ഥാർ അർട്രാ’ സമ്മാനിക്കുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. ചടങ്ങിൽ തൃശൂർ എം.എൽ.എ പി. ബാലചന്ദ്രൻ, കല്യാൺ സിൽക്സ് മാനേജിംഗ് ഡയറക്ടർ ടി.എസ് പട്ടാഭിരാമൻ, സംവിധായകൻ മേജർ രവി, അഭിനേത്രിമാരായ ഭാവന, നിഖില വിമൽ എന്നിവരും പങ്കെടുത്തു.
Story Highlights: State governments should take initiative in tourism development, says Union Minister Suresh Gopi