കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തി പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെ നീട്ടുന്നതിന്റെയും അന്ത്യോദയ എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങളുടെ ദീർഘകാല ആവശ്യപ്രകാരമാണ് പാലക്കാട്-തിരുനെൽവേലി റൂട്ടിലോടുന്ന പാലരുവി എക്സ്പ്രസ് തിരുനെൽവേലിയിൽ നിന്ന് 60 കി.മീ ദൂരെയുള്ള തൂത്തുക്കുടിയിലേക്ക് നീട്ടിയത്. പാലരുവി എക്സ്പ്രസിന് 4 അധിക കോച്ചുകളും അനുവദിച്ചിട്ടുണ്ട്.
വൈകിട്ട് 4.05ന് പാലക്കാട് നിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്ന് രാവിലെ 4.35ന് തിരുനെൽവേലിയിലും 6.40ന് തൂത്തുക്കുടിയിലുമെത്തും. മൂന്ന് ജനറലും ഒരു സ്ലീപ്പറുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം, ഹൗറ-എറണാകുളം അന്ത്യോദയ എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെ ഉദ്ഘാടനവും നടന്നു.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്രസഹായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കേരളത്തോട് നൽകാൻ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയോ എന്ന് അന്വേഷിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചെങ്കിലും, ദിവസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രത്തിൻ്റെ സഹായം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
Story Highlights: Union Minister Suresh Gopi inaugurates extension of Palaruvi Express to Tuticorin and new stop for Antyodaya Express at Aluva