കേരള ബാങ്കിൽ നിന്നും ജപ്തി ഭീഷണി നേരിട്ട ആലപ്പുഴ പെരുമ്പളം സ്വദേശികളുടെ വീടിന്റെ ആധാരം കൈമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുമ്പളത്തെ രാജപ്പന്റെ കുടുംബത്തിന്റെ ദുരിതം ട്വന്റിഫോർ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സുരേഷ് ഗോപിയുടെ ഇടപെടൽ ഉണ്ടായത്. കുടുംബത്തിലെ മൂന്ന് പേരും ക്യാൻസർ ബാധിതരാണ്. മത്സ്യ ബന്ധന തൊഴിലാളിയായ രാജപ്പന്റെ വരുമാനം കൊണ്ട് കുടുബത്തിന് മുന്നോട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
വീട് പണിക്കും അർബുദ ബാധിതയായ എട്ടു വയസുകാരി ആരഭിയുടെ ചികിത്സയ്ക്കുമായിട്ടാണ് രാജപ്പൻ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നത്. എന്നാൽ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ജപ്തി ഭീഷണി നേരിടുകയായിരുന്നു കുടുംബം. സുരേഷ് ഗോപി പറഞ്ഞത്, അഞ്ച് ദിവസം മുൻപാണ് താൻ ഈ വാർത്ത ശ്രദ്ധിച്ചതെന്നും അതിന്റെ പശ്ചാത്തലത്തിൽ വിളിച്ച് അന്വേഷിച്ചുവെന്നുമാണ്. കുടുംബത്തിന് സമാധാനപരമായി കിടന്നുറങ്ങാനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കി കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുമ്പളം പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആരഭിയും കുടുംബവും കഴിയുന്നത്. ആരഭിക്ക് സംസാരിക്കാനും കഴിയില്ല. ചികിത്സയും, ദൈനംദിന ചിലവിനുമായി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കുടുംബം നേരിടുന്നത്. അർബുദ ബാധിയായ അമ്മ 2017 ൽ മരിച്ചു. അമ്മയുടെ രോഗം ഈ കുരുന്നിനെയും പിടികൂടിയപ്പോൾ ചേർത്ത് പിടിക്കാൻ മുത്തച്ഛനും, അമ്മുമ്മയും, ചേച്ചിയുമുണ്ട്. ആരഭിയുടെ അമ്മുമ്മയും അർബുദ ബാധിതയാണ്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 65 ലക്ഷം രൂപ ചിലവ് വരുമെന്നും, ദാതാക്കളെ ലഭിച്ചാൽ തുക കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: Union Minister Suresh Gopi transfers house document to cancer-stricken family in Alappuzha facing eviction threat from Kerala Bank