ജുൻജുനു (രാജസ്ഥാൻ)◾: ജമ്മു കശ്മീരിലെ ആർ.എസ് പുര സെക്ടറിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുരേന്ദ്ര മോഗയ്ക്ക് ജന്മനാട് യാത്രാമൊഴി നൽകി. അദ്ദേഹത്തിന്റെ മകൾ വർത്തിക, അച്ഛന് വൈകാരികമായ ആദരാഞ്ജലി അർപ്പിച്ചു. സുരേന്ദ്രകുമാർ മൊഗെ വീരമൃത്യു വരിക്കുന്നതിന് തൊട്ടുമുന്പ് മകളുമായി ഫോണിൽ സംസാരിച്ചിരുന്നു.
രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവൻ വെടിഞ്ഞ തന്റെ പിതാവിൻ്റെ ധീരതയിൽ തനിക്ക് അഭിമാനമുണ്ടെന്ന് വർത്തിക മാധ്യമങ്ങളോട് പറഞ്ഞു. ശത്രുക്കളെ നേരിട്ട് രാഷ്ട്രത്തിനു വേണ്ടി ജീവൻ വെടിഞ്ഞ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ രാജ്യം പ്രണാമം അർപ്പിക്കുകയാണ്. സുരേന്ദ്ര മോഗയുടെ മൃതദേഹം പൂർണ സംസ്ഥാന ബഹുമതികളോടെ ജന്മനാട്ടിൽ എത്തിച്ചു.
വർഗീയ വികാരങ്ങൾ ഉയർത്തുന്ന പ്രസ്താവനകളുമായി വർത്തിക രംഗത്തെത്തി. പാകിസ്താനെ പൂർണ്ണമായും ഇല്ലാതാക്കണമെന്നും, ആ രാജ്യത്തെക്കുറിച്ച് ഒരു പരാമർശം പോലും ഉണ്ടാകരുതെന്നും വർത്തിക പറഞ്ഞു. “എൻ്റെ അച്ഛനെപ്പോലെ ഒരു പട്ടാളക്കാരനാകാനും അദ്ദേഹത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവരെ ഒന്നൊന്നായി ഇല്ലാതാക്കും,” അവൾ കൂട്ടിച്ചേർത്തു.
#WATCH | Jhunjhunu, Rajasthan | Vartika, Daughter of Sergeant Surendra Moga, says, "I am feeling proud that my father got martyred while killing the enemies and protecting the nation… Last time, we talked to him at 9 PM last night and he said that drones are roaming but not… https://t.co/H0EI1xKw4e pic.twitter.com/0mIHuHT8iL
— ANI (@ANI) May 11, 2025
രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ സുരേന്ദ്രകുമാർ മൊഗെ വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. 36 വയസ്സുള്ള മൊഗെ, ജമ്മു കശ്മീരിലെ ഉധംപൂരിലെ വ്യോമതാവളത്തിലെ മെഡിക്കൽ ഡിസ്പെൻസറിയിൽ ഡ്യൂട്ടിയിലായിരിക്കെയാണ് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്.
അച്ഛന്റെ പാത പിന്തുടർന്ന് സൈന്യത്തിൽ ചേരുമെന്ന് 11 വയസ്സുകാരി വർത്തിക പറഞ്ഞു. “എനിക്ക് അഭിമാനം തോന്നുന്നു. എന്റെ അച്ഛൻ വളരെ നല്ല മനുഷ്യനായിരുന്നു. ശത്രുക്കളെ കൊന്നൊടുക്കുകയും രാഷ്ട്രത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിനിടയിൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചതിൽ എനിക്ക് അഭിമാനമുണ്ട്,” വർത്തിക മാധ്യമങ്ങളോട് പ്രതികരിച്ചു.
അദ്ദേഹത്തിന്റെ മരണത്തിന് താൻ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും വർത്തിക കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി 9 മണിക്ക് സംസാരിച്ചപ്പോൾ ഡ്രോണുകൾ വിഹരിക്കുന്നുണ്ടെങ്കിലും ആക്രമിക്കുന്നില്ലെന്ന് അച്ഛൻ പറഞ്ഞതായി മകൾ ഓർത്തു. ഞായറാഴ്ചയാണ് സർജന്റ് സുരേന്ദ്ര മോഗയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചത്.
Story Highlights: പിതാവിൻ്റെ മരണത്തിന് പ്രതികാരം ചെയ്യാൻ സൈന്യത്തിൽ ചേരുമെന്ന് സുരേന്ദ്ര മോഗയുടെ മകൾ വർത്തിക.