മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് നൽകി. ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഈ നടപടി സ്വീകരിച്ചത്. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയാണ് ഇളവ് ചെയ്തത്. വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യവ്യവസ്ഥകളിൽ ഇളവ് വേണമെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. ഹാഥ്റസിലെ ബലാത്സംഗക്കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മധുര ടോൾ പ്ലാസയിൽ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കാറിൽ ഒപ്പം സഞ്ചരിച്ചവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. വർഗീയ കലാപമുണ്ടാക്കൽ, സൗഹൃദ അന്തരീക്ഷം തകർക്കൽ, ഗൂഢാലോചന എന്നിവ ചേർത്ത് യുഎപിഎ ചുമത്തി.
യുഎപിഎ കേസിൽ സെപ്തംബർ 9ന് സുപ്രീം കോടതിയും ഇഡി കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഡിസംബർ 23നുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 2നാണ് കാപ്പൻ ജയിൽമോചിതനായത്. പൊലീസ് പിടിച്ചെടുത്ത രേഖകൾ തിരികെ നൽകണമെന്ന് സിദ്ദിഖ് കാപ്പൻ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും പാസ്പോർട്ട് അടക്കമുള്ള രേഖകൾ കൈവശം ഇല്ലെന്ന് യുപി പൊലീസ് കോടതിയിൽ വ്യക്തമാക്കി. മൊബൈൽഫോൺ വിട്ട്നൽകാനാവില്ലെന്നും യുപി പൊലീസ് അറിയിച്ചു.
Story Highlights: Supreme Court relaxes bail conditions for journalist Siddique Kappan, removing requirement to appear at police station weekly