സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവർ ബെഞ്ചിലെ മറ്റ് അംഗങ്ങളാണ്. ഈ മാസം 16ന് ഹർജികൾ പരിഗണിക്കും. എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി സമർപ്പിച്ച ഹർജികൾ ഏപ്രിൽ 16 ബുധനാഴ്ച 13-ാം ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും നിയമത്തിന് സ്റ്റേ നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. മുസ്ലിം ലീഗ്, സമസ്ത, കോൺഗ്രസ് ഉൾപ്പെടെ വിവിധ കക്ഷികൾ നൽകിയ 14 ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. വഖഫ് ഭേദഗതി നിയമത്തിനെതിരെ നിരവധി ഹർജികൾ സുപ്രീംകോടതിക്ക് മുൻപിലേക്ക് എത്തിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ തടസ ഹർജി നൽകി. നിയമം സ്റ്റേ ചെയ്യരുതെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകി.
ഇതോടെ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ രൂപീകരിക്കുമെന്നും വിവരമുണ്ട്. ഹർജികളിൽ സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണണം.
Story Highlights: The Supreme Court will consider petitions challenging the Waqf Amendment Act on April 16.