അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; കർശന ഉപാധികൾ ഏർപ്പെടുത്തി

Anjana

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി അരവിന്ദ് കേജ്രിവാളിന് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. മൂന്നംഗ ബെഞ്ച് തീരുമാനമെടുക്കും വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ കേജ്രിവാൾ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിക്കരുതെന്നും സാക്ഷികളെ ബന്ധപ്പെടരുതെന്നും ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെ ഫയലുകളിൽ ഒപ്പുവയ്ക്കരുതെന്നും കോടതി കർശനമായി നിർദേശിച്ചു.

കേജ്രിവാൾ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ സ്ഥാനത്യാഗം സംബന്ധിച്ച തീരുമാനം അദ്ദേഹം തന്നെയാണ് എടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. നിയമപരമായ കാര്യങ്ങൾ പാലിക്കാതെയാണ് ഇഡി കസ്റ്റഡിയിൽ എടുത്തതെന്നും അതിനാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് കേജ്രിവാൾ ഹർജിയിലൂടെ ചൂണ്ടിക്കാട്ടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളല്ല ഇതെന്നും വിശദമായ പരിശോധനകൾ ആവശ്യമാണെന്നും വ്യക്തമാക്കി ഹർജി മൂന്നംഗ ബെഞ്ചിന് വിട്ടു. അതേസമയം, സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ റൗസ് അവന്യു പ്രത്യേക കോടതി കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്.