മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസില് സംസ്ഥാന സര്ക്കാരിന് തിരിച്ചടി നേരിട്ടു. വിജിലന്സ് കേസ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്ക്കാര് നല്കിയ അപ്പീലും ഇഡി നല്കിയ ഹര്ജിയും സുപ്രീംകോടതി തള്ളി. കെ എം ഷാജിക്ക് നേരിട്ട് കോഴ ആരും നല്കിയതായി മൊഴിയില് ഇല്ലെന്നും, ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നും കോടതി ചോദിച്ചു.
അന്വേഷണം പൂര്ത്തിയായിട്ടില്ലെന്നും, അന്വേഷണം പൂര്ത്തിയാക്കും മുന്പാണ് ഹൈകോടതി ഇടപ്പെട്ടതെന്നും സംസ്ഥാനത്തിന്റെ അഭിഭാഷകന് കോടതിയില് വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിന് ജോര്ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്. കഴിഞ്ഞതവണ ഹര്ജി പരിഗണിച്ച സുപ്രീംകോടതി കേസിലെ മൊഴികളും, മാറ്റിപ്പറഞ്ഞ മൊഴികളും ഹാജരാക്കണമെന്ന് നിര്ദ്ദേശിച്ചിരുന്നു.
2014ല് അഴീക്കോട് സ്കൂളില് പ്ലസ്ടു ബാച്ച് അനുവദിക്കാന് കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്സ് കേസ് രജിസ്റ്റര് ചെയ്തിരുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന ഷാജിയുടെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സര്ക്കാര് സത്യവാങ്മൂലവും നല്കി. കോഴ നല്കിയിട്ടുണ്ടെന്ന് സ്കൂള് മാനേജര് നല്കിയ ആദ്യ മൊഴിയില് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് മൊഴി മാറ്റിയെന്നും സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Story Highlights: Supreme Court dismisses bribery case against K M Shaji, setback for state government