സുപ്രീം കോടതിയുടെ വിമർശനം ഏറ്റുവാങ്ങി മധ്യപ്രദേശ് മന്ത്രി വിജയ് ഷാ. കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശത്തിലാണ് കോടതിയുടെ ഭാഗത്തുനിന്നും വിമർശനമുണ്ടായത്. ഭരണഘടനാപരമായ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾ സംസാരത്തിൽ കൂടുതൽ ശ്രദ്ധയും സംയമനവും പാലിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട് എന്ന് ചീഫ് ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടു. ഓരോ വാക്കും എന്ത് അർത്ഥമാണ് നൽകുന്നതെന്ന് സ്വയം മനസ്സിലാക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കേണ്ടതാണ്.
വിജയ് ഷായുടെ അറസ്റ്റിൽ നിന്നുള്ള സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. നിങ്ങൾ എന്താണ് ഈ പറയുന്ന ന്യായീകരണങ്ങൾ എന്നും കുറച്ചുകൂടി സംയമനം പാലിക്കണമെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയിൽ പോയി മാപ്പ് പറയാനും ചീഫ് ജസ്റ്റിസ് ഗവായ് ആവശ്യപ്പെട്ടു.
ഹർജിയിൽ വാദം കേട്ട ശേഷം അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നൽകണമെന്നുള്ള ആവശ്യം സുപ്രീം കോടതി തള്ളി. ഒരു ദിവസം കൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നും നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയാമെന്നും കോടതി കൂട്ടിച്ചേർത്തു. ഈ കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ടെന്ന് വിജയ് ഷാ അറിയിച്ചു. എന്നാൽ ഹർജി നാളെ പരിഗണിക്കുമെന്ന വിവരം ഹൈക്കോടതിയെ അറിയിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. മാധ്യമങ്ങൾ ഈ വിഷയം വളരെയധികം പെരുപ്പിച്ച് കാട്ടിയെന്നും വിജയ് ഷായ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂടാതെ അദ്ദേഹം ഇതിനോടകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
Story Highlights : സുപ്രീം കോടതി മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ചു.