സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സപ്ലൈകോയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് – പുതുവത്സര മേളകൾ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനിയിലെ നായനാർ പാർക്കിൽ വച്ച് മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ പ്രത്യേക മേളകൾ സംഘടിപ്പിക്കും. മറ്റ് ജില്ലകളിൽ, ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പർ മാർക്കറ്റുകൾ ക്രിസ്തുമസ് – പുതുവത്സര മേളകളായി പ്രവർത്തിക്കും. 13 ഇനം സബ്സിഡി ഉൽപ്പന്നങ്ങൾക്ക് പുറമേ, ശബരി ഉൽപ്പന്നങ്ളും എഫ്.എം.സി.ജി ഉൽപ്പന്നങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മേളകളിലൂടെ വിൽപ്പന നടത്തും. ഡിസംബർ 30 വരെയാണ് മേളകൾ നടക്കുക.
രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് മേളകളുടെ പ്രവർത്തന സമയം. സബ്സിഡി ഉൽപ്പന്നങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 150-ലധികം ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവും പ്രത്യേക ഓഫറുകളും ഉണ്ടായിരിക്കുക.
ജില്ലാ മേളകളിലും സൂപ്പർ മാർക്കറ്റുകളിലും ഡിസംബർ 21 മുതൽ 30 വരെ ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ ഫ്ലാഷ് സെയിൽ നടത്തും. ഈ സമയത്ത്, സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ലഭ്യമാകും. ഈ പ്രത്യേക വിൽപ്പനയിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമായി സാധനങ്ങൾ വാങ്ങാൻ അവസരമൊരുങ്ങും.
Story Highlights: Supplyco’s Christmas-New Year Fair begins today with discounts up to 40% on various products