ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിനു ശേഷം, സുനിത വില്യംസും ബാരി ‘ബുച്ച്’ വിൽമോറും മാർച്ച് 16-ന് ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് നാസ സ്ഥിരീകരിച്ചു. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനറിൽ യാത്ര തിരിച്ച ഇരുവരും സാങ്കേതിക തകരാർ മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. 2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ ബഹിരാകാശ നിലയത്തിലെത്തിയ ഇവരുടെ മടക്ക വാഹനത്തിന്റെ സാങ്കേതിക തകരാർ മൂലമാണ് ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങിയത്. സ്റ്റാർലൈനറിന്റെ മനുഷ്യരെയും വഹിച്ചുള്ള ഐ എസ് എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഈ ദൗത്യം.
\
ബഹിരാകാശ ദൗത്യത്തിനിടെയുണ്ടായ സാങ്കേതിക തകരാറുകളും ഹീലിയം ചോർച്ചയുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്. ജൂൺ ഏഴിന് ഐ എസ് എസിലെത്തി ജൂൺ 13 ന് മടങ്ങാനായിരുന്നു സുനിത വില്യംസും വിൽമോറും ഉദ്ദേശിച്ചിരുന്നത്. എന്നാൽ, സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും കാരണം മടക്കം വൈകുകയായിരുന്നു.
\
കഴിഞ്ഞ സെപ്റ്റംബറിൽ ജീവനക്കാരില്ലാതെ സ്റ്റാർലൈനർ ഭൂമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. നാസ ബഹിരാകാശയാത്രികൻ നിക്ക് ഹേഗും റോസ്കോസ്മോസ് ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവും സ്പേസ് എക്സ് ക്രൂ-9 ദൗത്യത്തിൽ വിക്ഷേപിക്കപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികർക്കായി നീക്കിവച്ചിരുന്ന ഡ്രാഗൺ ബഹിരാകാശ പേടകത്തിലെ രണ്ട് സീറ്റുകളാണ് ഇവർ ഉപയോഗിച്ചത്.
\
ഫെബ്രുവരിയിൽ നാല് ബഹിരാകാശയാത്രികരും ഒരുമിച്ച് മടങ്ങുമെന്നായിരുന്നു ആദ്യത്തെ പ്രതീക്ഷ. എന്നാൽ, ഇപ്പോൾ മാർച്ച് 16 ലേക്ക് മടക്കയാത്ര മാറ്റിവച്ചിരിക്കുകയാണ്. ഇന്ത്യൻ വംശജയായ സുനിത വില്യംസും വിൽമോറും ഉൾപ്പെടെയുള്ളവർ ഒമ്പത് മാസമായി ബഹിരാകാശത്ത് കഴിയുകയാണ്.
\
ദീർഘകാലത്തെ ഭാരക്കുറവും ബഹിരാകാശ വികിരണവും ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. ഭൂമിയിലെത്തിയ ഉടൻ തന്നെ വിശദമായ വൈദ്യപരിശോധനകൾക്ക് വിധേയമാക്കുമെന്ന് നാസ അറിയിച്ചു. ഭൂമിയിലെത്തിയ ഉടനെ ഇവര് നടന്ന് വീട്ടിലേക്ക് പോകുമെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത് എന്നാൽ അത് സാധ്യമല്ല.
\
ബഹിരാകാശവാസത്തിന്റെ ദൂഷ്യഫലങ്ങൾ ഇവരുടെ ആരോഗ്യത്തിൽ ശാശ്വതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ത്രസ്റ്ററിന്റെ തകരാറുമൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് (ISS) കുടുങ്ങിയതിനാല് അവരുടെ ശരീരത്തെ ഏറെ ബാധിച്ചിട്ടുണ്ട്. പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെന്നാണ് വിലയിരുത്തൽ.
\
വ്യോമസേനയിലെ പരിചയസമ്പന്നനായ പൾമണോളജിസ്റ്റ് ഡോ. വിനയ് ഗുപ്തയുടെ അഭിപ്രായത്തിൽ, ബഹിരാകാശയാത്രികർക്ക് ആറ് ആഴ്ച വരെ പുനരധിവാസം ആവശ്യമായി വന്നേക്കാം. വീണ്ടും നടക്കാൻ പഠിക്കുക എന്നതായിരിക്കും അവരുടെ ആദ്യ വെല്ലുവിളി.
Story Highlights: Sunita Williams and Barry “Butch” Wilmore, stranded in space for nine months due to a technical malfunction, are set to return to Earth on March 16.