മലപ്പുറം തിരൂരിലെ ബിപി അങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂളിൽ വേണ്ടത്ര ഭൗതിക സൗകര്യങ്ങളില്ലെന്നും, ശുചിമുറികളുടെ അപര്യാപ്തത, പൊട്ടിയ ഓടുകൾ, ക്ലാസ് മുറികളിൽ പുഴുവും അട്ടയും പെരുകുന്നത് എന്നിവയാണ് പ്രധാന പരാതികൾ. ഭക്ഷണത്തിൽ പോലും പുഴുക്കളും അട്ടകളും വീണതോടെയാണ് വിദ്യാർത്ഥിനികൾ ക്ലാസ് മുറി വിട്ട് പുറത്തേക്കിറങ്ങിയത്.
നിരന്തരമായി പരാതി ഉന്നയിച്ചിട്ടും നടപടിയുണ്ടാകാത്തതിനാലാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. സംഭവം വാർത്തയായതോടെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇടപെട്ടു. സ്കൂളിന് സമീപത്തെ മരം മുറിച്ചു മാറ്റുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. സുരക്ഷിതമായ ക്ലാസ് മുറിയില്ലെന്നും ഓടിട്ട മേൽക്കൂരയിൽ നിന്ന് ഭക്ഷണത്തിലേക്കും ശരീരത്തിലേക്കും പുഴു വീഴുന്നുവെന്നുമാണ് വിദ്യാർത്ഥിനികളുടെ ആരോപണം.
വിദ്യാഭ്യാസ മന്ത്രി ആർ.ഡി.ഡി.യോട് റിപ്പോർട്ട് തേടി. കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ, പുഴുശല്യമുണ്ടാക്കുന്ന മരം മുറിക്കാൻ പ്രിൻസിപ്പലിന് നിർദേശം നൽകി. പുതിയ കെട്ടിടം പണിയാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാല് മണിക്കൂറോളം നീണ്ട സമരത്തിന് ശേഷമാണ് അധികൃതരുടെ കണ്ണ് തുറന്നത്.